റാഫേല്‍: സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍; വില യുപിഎ കാലത്തേക്കാളും 2.86% കുറവ്


സിഎജിയുടെ ഈ റിപ്പോര്‍ട്ട് ബിജെപിക്ക് താത്ക്കാലിക ആശ്വാസം പകരുന്നതാണ്. 

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്. അന്തിമ വില ഉള്‍പ്പെടാത്ത റിപ്പോര്‍ട്ട് ആണ് രാജ്യസഭയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് 12 മണി വരെ നിര്‍ത്തി വെച്ചു.

ഇപ്പോഴത്തെ കരാറില്‍ യുപിഎ കാലത്തേക്കാളും 2.86 ശതമാനം അടിസ്ഥാന വിലയില്‍ വിമാനങ്ങള്‍ക്ക് കുറവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു യുദ്ധ വിമാനങ്ങളുടെ വില താരതമ്യം ചെയ്താണ് വിലയിലെ ഈ മാറ്റം സിഎജി രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന വിലയുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല. 

സിഎജിയുടെ ഈ റിപ്പോര്‍ട്ട് ബിജെപിക്ക് താത്ക്കാലിക ആശ്വാസം പകരുന്നതാണ്. അതേ സമയം യുപിഎ കാലത്തെ കരാറിനേക്കാള്‍ ഒമ്പത് ശതമാനം കുറവുണ്ടെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദവും പൊളിക്കുന്നതാണ് ഈ സിഎജി റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റിപ്പോര്‍ട്ട് തള്ളി. സിഎജിയായ രാജീവ് മെഹര്‍ഷി 2016-ല്‍ 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറുണ്ടാക്കുന്ന കാലത്ത് ധനകാര്യ സെക്രട്ടറിയായിരുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ മെഹര്‍ഷിക്ക് മേല്‍ത്തട്ടില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടാകാമെന്നും കോണ്‍ഗ്രസ്‌ ആരോപിച്ചു.

റാഫേല്‍ റിപ്പോര്‍ട്ട് രാജ്യസഭയില്‍ വെച്ചസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഭക്ക് പുറത്ത് റാഫേല്‍ ഇടപാടിലെ അഴിമതി ആരോപിച്ച് പ്രതിഷേധം നടത്തുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും പ്രതിഷേധത്തില്‍ പങ്കാളികളായി.

ഉച്ചയോടെ റിപ്പോര്‍ട്ട് ലോക്‌സഭയിലും സമര്‍പ്പിക്കും

Be the first to comment

Leave a Reply

Your email address will not be published.


*