“എന്‍റെ കുടുംബം, ബിജെപി കുടുംബം” മെഗാ ക്യാമ്പയിനിന് തുടക്കമിട്ട് ബിജെപി!!


അഞ്ചു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍….

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍….

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് പുതിയ മെഗാ ക്യാമ്പയിനിന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തുടക്കമിട്ടു.

“എന്‍റെ കുടുംബം, ബിജെപി കുടുംബം” (മേരാ പരിവാര്‍ ബിജെപി പരിവാര്‍) എന്ന പേരിലാണ് പുതിയ ക്യാമ്പയിനിന് ചൊവ്വാഴ്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തുടക്കമിട്ടിരിക്കുന്നത്. ഒരു മാസം നീളുന്ന പ്രചാരണ പരിപാടിയാണ് ഇത്. രാജ്യത്തുടനീളം 5 കോടി വീടുകളിൽ പാർട്ടി പതാക ഉയർത്തുക എന്നതാണ് ഈ പ്രചാരണ പരിപാടിയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അഹമ്മദാബാദില്‍ തന്‍റെ വസതിയ്ക്ക് മുന്‍പില്‍ ബിജെപി പതാക ഉയര്‍ത്തുകയും വീടിന് മുന്‍പില്‍ പാര്‍ട്ടി സ്റ്റിക്കര്‍ പതിപ്പിക്കുകയും ചെയ്തതോടെ മെഗാ ക്യാമ്പയിനിന് തുടക്കമായി. എന്നാല്‍ ഇത് ഒരു അനൗദ്യോഗിക തുടക്കമാണ്‌.

ബിജെപിയുടെ ഈ മെഗാ ക്യാമ്പയിന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് പണ്ഡിറ്റ്‌ ദീന്‍ദയാല്‍ ഉപാദ്ധ്യായ ഓഡിറ്റോറിയത്തില്‍ വച്ചായിരിക്കും. 

അതുകൂടാതെ, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സന്ദേശത്തില്‍, തങ്ങളുടെ ഭവനങ്ങളില്‍ പാര്‍ട്ടി പതാക സ്ഥാപിക്കാനും ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യാനും അഭ്യർഥിച്ചിരിയ്ക്കുകയാണ്. #MeraPariwarBhajapaPariwar ഹാഷ് ടാഗോടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കാനാണ് ഷാ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനില്‍നിന്നും പച്ചക്കൊടി ലഭിച്ചതോടെ #MeraPariwarBhajapaPariwar ഹാഷ് ടാഗ് പ്രമുഖ ട്രെന്‍ഡ് ആയിമാറിയിരിയ്ക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*