ദേശീയ പതാക നിലത്തിടരുതെന്ന് താരം; കൈയ്യടിച്ച് ആരാധകര്‍


ഒട്ടേറെ ഇന്ത്യക്കാരുള്ള ന്യൂസീലന്‍ഡില്‍ ഇന്ത്യയുടെ ഓരോ മല്‍സരങ്ങള്‍ക്കും എത്തിയ ആരാധകര്‍ അത്രയ്ക്കായിരുന്നു.  

ഹാമില്‍ട്ടന്‍: ന്യൂസീലന്‍ഡില്‍ നടന്ന ഇന്ത്യ ന്യൂസീലന്‍ഡ് ട്വന്റി20 പരമ്പരയിലെ മല്‍സരങ്ങള്‍ക്ക് സാക്ഷികളായവര്‍ ഒരുനിമിഷമെങ്കിലും ചോദിച്ചുപോയിട്ടുണ്ടാകും ഇത് മുംബൈ വാഖഡെയോ അതോ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയമോ, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സോ അതോ ന്യൂഡല്‍ഹി ഫിറോസ് ഷാ കോട്‌ലയോ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. 

ഒട്ടേറെ ഇന്ത്യക്കാരുള്ള ന്യൂസീലന്‍ഡില്‍ ഇന്ത്യയുടെ ഓരോ മല്‍സരങ്ങള്‍ക്കും എത്തിയ ആരാധകര്‍ അത്രയ്ക്കായിരുന്നു. മഹേന്ദ്രസിങ് ധോണി ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍, മുംബൈ വാഖഡെയിലൊക്കെ കണ്ടിട്ടുള്ള ആവേശമാണ് ഗാലറിയില്‍ നുരഞ്ഞുപൊന്തിയത്.

ആദ്യ രണ്ട് മല്‍സരങ്ങളും ഇരു ടീമുകളും ജയിച്ചതോടെ ഫലത്തില്‍ ഫൈനലായി മാറിയ ഹാമില്‍ട്ടന്‍ സെഡന്‍ പാര്‍ക്കിലെ മൂന്നാം ട്വന്റി20യിലുമുണ്ടായി, അത്തരം ചില ആവേശ നിമിഷങ്ങള്‍. ആരാധകരിലൊരാള്‍ ആവേശം മൂത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മഹേന്ദ്രസിങ് ധോണിയുടെ സമീപത്തേക്ക് ഓടിയെത്തിയതായിരുന്നു അത്.

എന്നാല്‍, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളിലെ ധോണി ആരാധകരെയും ധോണി വിരോധികളെയും ഒരുപോലെ ആകര്‍ഷിച്ച സംഭവം അതിനു പിന്നാലെയാണ് മൈതാനത്ത് കണ്ടത്. മൈതാനത്തേക്ക് ഓടിയെത്തിയ ആരാധകന്‍റെ കയ്യില്‍ ഒരു ത്രിവര്‍ണ പതാകയുമുണ്ടായിരുന്നു. 

ധോണിയെ കണ്ടതിന്റെ ആവേശത്തില്‍ അദ്ദേഹത്തിന്റെ കാലില്‍ തൊട്ടു വന്ദിക്കുന്നതിനിടെ ഈ ആരാധകന്‍ ത്രിവര്‍ണ പതാക ഒരുവേള നിലത്തിടാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, ഇന്ത്യന്‍ ദേശീയ പതാകയുടെ പ്രാധാന്യവും അന്തസ്സും മനസ്സിലുള്ള ധോണി ആരാധകനെ തടയുന്നതിനു മുന്‍പേ പെട്ടെന്നുതന്നെ ആ പതാക പിടിച്ചുവാങ്ങി.

ആരാധകന്‍ പതാക നിലത്തിടും മുന്‍പ് പിടിച്ചുവാങ്ങിയ ധോണിക്ക് മല്‍സരത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ കയ്യടിയാണ് ലഭിക്കുന്നത്. ധോണി ഇന്ത്യന്‍ ദേശീയതയെ ഉയര്‍ത്തിപ്പിടിച്ച നിമിഷമാണ് ഇതെന്നായിരുന്നു ആരാധകരുടെ പക്ഷം.

Be the first to comment

Leave a Reply

Your email address will not be published.


*